Wednesday, November 18, 2009

പ്രയത്നം

കുറെ നാളുകളായി എനിക്കുള്ള ഒരു ആഗ്രഹം ആയിരുന്നു ഒരു ബ്ലോഗ്‌ ഉണ്ടാക്കുക എന്നത്. എന്തായാലും അത് സാധിച്ചു. എന്റെ ജല്പനങ്ങളും , നിങ്ങളുടെ കല്പനകളും പങ്കു വയ്ക്കുവാന്‍ ഒരു വേദി ആയി ഇത് മാറണം. സ്നേഹത്തിലൂടെ എല്ലാം കീഴടക്കാന്‍ നമുക്ക് സാധിക്കണം. ഒന്നിനെയും പുച്ചിച്ചു തള്ളാനോ, എല്ലാറ്റിനെയും കൊള്ളാനോ കഴിയില്ല, എങ്കിലും സര്‍വേശ്വരന്‍ നമ്മെ ഭൂലോകത്തില്‍ ആക്കിയിരിക്കുന്നത്, തന്റെ തോട്ടത്തിലെ കാവല്ക്കാരായിട്ടല്ല, മറിച്ച് അതിന്റെ ഉടമകള്‍ ആയിട്ടാണ്. സ്വന്തം പ്രയത്ന്നത്തിലൂടെ തോട്ടത്തില്‍ വേല ചെയ്യണം, വിയര്‍പ്പിന്റെ മണമുള്ള ഫലമാണ് എപ്പോഴും നല്ലത്......

Tuesday, November 17, 2009

ഞാന്‍.....ആരാണ്.

ഞാന്‍ റെന്നി ജോണ്‍, ഗ്രാമത്തിലെ അതായത് തനി ഗ്രാമീണ ഭംഗി ആസ്വദിച്ചു വളര്‍ന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തെട്ടു മെയ്‌ മാസം പതിനേഴാം തീയതി ജനനം. രണ്ടു സഹോദരിമാര്‍. ഞാന്‍ രണ്ടാമന്‍. ഒരു നാണം കുണുങ്ങി ആയിരുന്നു. പിതാവില്‍ നിന്നും പാരമ്പര്യമായി കിട്ടിയ വാചക കസര്‍ത്ത് കൊണ്ട് പല ഇടങ്ങളിലും പിടിച്ചു നിന്നു. ഈ വാചകമടി കൊണ്ട് പരാജയം ഉണ്ടായിട്ടില്ല എന്നല്ല, അതും ഉണ്ടായിട്ടുണ്ട്. അന്നും ഇന്നും സ്നേഹിക്കാന്‍ മാത്രം അറിയാം. പ്രകൃതിയെ വളരെയധികം സ്നേഹിക്കുന്നു. പൂക്കളും, കിളികളും, ഉള്ള കാനന ഭംഗി ആണ് ഏറ്റവും ഇഷ്ടം. വെറുതെ ഇരിക്കുമ്പോള്‍, വയല്‍ വരമ്പത്ത് കൂടി ഓടിയതും, ചെളിയില്‍ വീണതും എല്ലാം ഓര്‍ക്കും. ഓര്‍മ്മകളില്‍ ഹൃദയം പട പട മിടിക്കും, വീണ്ടും കാലചക്രം ഒന്ന് തിരിഞ്ഞു ആ നാളുകളിലേക്ക് തിരിഞ്ഞൊന്നു പോയിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കും. കണ്ണുകള്‍ നിറയും. ആശാന്‍ പള്ളികൂടത്തില്‍, പനയോലയില്‍ അക്ഷരം നാരായം കൊണ്ട് എഴുതി തന്നതും, അക്ഷരം തെളിഞ്ഞു കാണാന്‍ , മുന്നണി ഇല പറിച്ചു തേച്ചതും, ആശാന്‍ പള്ളിക്കൂടത്തിലെ എന്റെ ബന്ധുവായ സാറപ്പച്ചനെ എന്നും മനസ്സില്‍ ഓര്‍ക്കും.കൈകള്‍ കൊണ്ട് നെറ്റിയ്ക്കു മേലെ മറച്ചു പിടിച്ചു കൊണ്ട് അപ്പച്ചന്‍ ആകാശത്തേയ്ക്ക് നോക്കി കിറു കൃത്യമായി സമയം പറയുമ്പോള്‍, ഇന്നത്തെ പരിഷ്കാരതിനേക്കാള്‍, പ്രകൃതിയെ അറിഞ്ഞ മനുഷ്യരെ ഓര്‍ക്കും. ആകാശത്തിന്റെ നിറം മാറുന്നത് അനുസരിച്ച് നാളത്തെ കാലാവസ്ഥ പറയുന്ന അപ്പച്ചന്‍ ഇന്നത്തെ കാലാവസ്ഥ നിരീക്ഷകരെക്കള്‍ എത്രെയോ ഭേദമാണ്. ഇന്നത്തെ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്ന പോലെ "മഴ പെയ്യാനും, പെയ്യാതിരിക്കാനും സാധ്യത ഉണ്ടെന്നു പറയത്തില്ല അപ്പച്ചന്‍. കപ്പയും(ചീനി), ചക്കയും, മാങ്ങയും, പറന്കിമാങ്ങയും, ആഞ്ഞിലി പഴവും, ഒക്കെ തിന്നു വളര്‍ന്നു.വീടിന്റെ തെക്കേ വശത്ത് നില്‍ക്കുന്ന നാട്ടു മാവിന്റെ ചുവട്ടില്‍ ഞങ്ങള്‍ ഒരു ജാഥയ്ക്കുള്ള കുട്ടികള്‍ കാണുമായിരുന്നു.കാറ്റടിയ്ക്കുമ്പോള്‍ വീഴുന്ന മാങ്ങ പറക്കാന്‍ ഒരു മത്സരം തന്നെ ആയിരുന്നു. ആ...അതൊക്കെ ഒരു കാലം.