Friday, December 18, 2009

ഞാന്‍ പറഞ്ഞ നുണ .

എന്റെ ഓര്‍മ്മയില്‍ അന്ന് തിങ്കളാഴ്ച ആയിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സംഭവം ആണ്, അതുകൊണ്ട് ദിവസം കിറു കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാലും എന്റെ ഓര്‍മ്മ തിങ്കള്‍ തന്നെ ആണെന്നാണ്. നല്ല മഞ്ഞുള്ള ഒരു തിങ്കള്‍. ഞാന്‍ പുതപ്പൊക്കെ എടുത്തു പുതച്ചു നടക്കാന്‍ ഇറങ്ങി. വെറുതെ ..അല്ലാതെ പ്രത്യേകിച്ച് വല്ല്യ കാര്യമൊന്നും ഉണ്ടായിട്ടല്ല. ഒരു തൊപ്പിയും തലയില്‍ വച്ച്, കാരണം, ഞാന്‍ ഒരു പേര് കേട്ട ആളായത് കൊണ്ട് എല്ലാവരും ഓടി കൂടും, പിന്നെ എനിക്ക് ഒന്ന് തിരിയാന്‍ ‍ പോലും പറ്റില്ല. തൊപ്പി വച്ചാല്‍ ആരും അത്ര പെട്ടെന്ന് തിരിച്ചറിയില്ല. ഹോ ആ മഞ്ഞുള്ള രാവിലെ, മഞ്ഞെന്നു പറഞ്ഞാല്‍, ആ പ്രദേശം മുഴുവന്‍ വെള്ള പുതപ്പു ഇട്ടിരിക്കുവാന്നു തോന്നും, പക്ഷെ മരത്തിന്റെ ഒരൊറ്റ ഇല പോലും പൊഴിഞ്ഞിട്ടില്ല. എന്തോരം പൂക്കള്‍ ആണെന്നറിയാമോ ആ മരങ്ങളില്‍. ഒരു മാവില്‍ നല്ല ചുവന്ന നല്ല വലിപ്പമുള്ള പൂക്കള്‍. എന്റെ മനസ്സില്‍ കൂടി ആ മാവില്‍ ഉണ്ടാകാന്‍ പോകുന്ന "മാങ്ങയെ" കുറിച്ചായിരുന്നു പിന്നെന്റെ ചിന്ത മുഴുവനും. കിളികള്‍ക്കെല്ലാം എന്ത്ടൊരു ആനന്ദം...അവരൊരു പാട്ട് പാടി. നല്ല ഈണത്തില്‍....പക്ഷെ "സംഗതികള്‍" എല്ലാം ഉണ്ടായിരുന്നു ആ പാട്ടില്‍. കുറെ നേരം അവരുടെ കൂടെ ഞാനും ഇരുന്നു പാട്ട് പാടി, കൈ കൊടുത്തു പിരിഞ്ഞു. പിന്നെ ഞാന്‍ നടക്കുകയാണ്... ഒരു കാര്യം പറയാന്‍ മറന്നു പോയീ...ഞാന്‍ പോകാന്‍ നേരം ആ കിളികള്‍ എന്നോട് പറഞ്ഞത് കേട്ടിട്ടാണ്, അത്രയും തണുപ്പുണ്ടായിരിന്നിട്ടും ഞാന്‍ തണുത്തു വിറച്ചു പോയീ. സന്തോഷം കൊണ്ടെന്റെ എഴുന്നേറ്റു നിന്ന രോമങ്ങള്‍ എല്ലാം താഴെ ഇരുന്നു പോയീ. അവര്‍ എന്നെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട് എന്ന്. അതിപ്പോള്‍ എല്ലാ പേര് കേട്ട അല്ലുകള്‍ക്കും ആളുകള്‍ക്കും തോന്നുന്ന ഒരു വികാരമാണ് എനിക്കും ഉണ്ടായത്. ചിലപ്പോള്‍ നിങ്ങള്ക്ക് അങ്ങനെ തോന്നത്തില്ല. ആ പോട്ടെ എന്തായാലും, ഞാന്‍ നടക്കുകയാണ്. ഒരു പതിനഞ്ച് കിലോ മീറ്റര് നടന്നു പത്തു മിനിട്ട് കൊണ്ട്.അതിപ്പോഴും എനിക്ക് പറ്റും. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇതാരാ എന്റെ മുന്നില്‍ നില്‍ക്കുന്നത്...ഹോ...എനിക്ക് വയ്യ...നമ്മുടെ സാക്ഷാല്‍ ജോര്‍ജ്ജ്, നിങ്ങള്ക്ക് അറിയത്തില്ലേ...ജോര്‍ജ്ജ് ബുഷേ.....അന്ന് അയാള്‍ അമേരിക്കയുടെ പ്രസിടന്ടാ......എന്നെ കണ്ട ഉടനെ ഒരു ഷേക്ക്‌ ഹാണ്ടും, ഒരു കെട്ടി പിടിത്തവും....എന്നിട്ട് ഒരു ചോദ്യവും, എടാ നിന്നെ പറ്റി എന്നും ഞാന്‍ പത്രത്തിലൊക്കെ വായിക്കുന്നുണ്ട്
.....എന്നാലും എന്റെ കൂട്ടുകാരാ നിന്നെ ഒന്ന് കാണാന്‍ പറ്റിയല്ലോ. സത്യം പറഞ്ഞാല്‍ എനിക്ക് അവന്റെ കൂടെ നടക്കാന്‍ നാണം തോന്നി. കാരണം അവന്‍ ഒരു മുറി നിക്കറും ഇട്ട വന്നേക്കുന്നെ....നാണമില്ലാത്തവന്‍..... എന്നെ അവനു അവന്റ് വീട്ടില്‍ കൊണ്ട് പോയെ പറ്റൂ. പിന്നെ ഞാന്‍ പറഞ്ഞു എന്നാല്‍ പോകാമെന്ന്....ഞങ്ങള്‍ പണ്ട് സ്കൂളില്‍ കാണിച്ച സല തോന്ന്യസങ്ങളും പറഞ്ഞു ചിരിച്ചു വീട്ടിലെത്തി. നല്ല ഒരു സദ്യ തന്നെ തന്നൂ. കപ്പ പുഴുങ്ങിയത്‌, കാന്താരി മുളക് ഉടച്ചതും .....ഇപ്പോഴും കൊതി വരുന്നൂ അതോര്‍ക്കുമ്പോള്‍....ഒരു ഉണക്ക മീന്‍ നന്നായി ചുട്ടതും ഉണ്ടായിരുന്നു. എനിക്ക് അയാളെ പോലെ അങ്ങനെ ഇരുന്നു സമയം കളയാന്‍ ഇല്ലല്ലോ...ഞാന്‍ പറഞ്ഞു എടാ ഉവ്വേ....ഞാനെന്ന പോട്ടെ.....അവനും, അവന്റെ ഭാര്യയും ഒക്കെ ഒത്തിരി നിര്‍ബന്ധിച്ചു, ഒരു ദിവസമെങ്കിലും താമസ്സിച്ചിട്ടു പോകാന്‍. ഞാന്‍ പറഞ്ഞു പിന്നെ ഒരിക്കല്‍ ആകാമെന്ന്. യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി....ലാറ ഓടി വന്നെന്റെ കയ്യില്‍ പൊതി തന്നു....ഞാന്‍ അത് വാങ്ങി. ഞാന്‍ സാധാരണ ആരെന്തു സമ്മാനം തന്നാലും വാങ്ങാറില്ല...പക്ഷെ ലാറ തന്നപ്പോള്‍ ഞാന്‍ അത് വാങ്ങിച്ചു കേട്ടോ. വീട്ടില്‍ ചെന്ന് അത് പൊതി അഴിച്ചു നോക്കിയപ്പോള്‍, ഒരു നല്ല നീല നിറത്തിലുള്ള ഒരു ബീ എം ഡബ്ലിയൂ കാര്‍....ഞാന്‍ ഇപ്പോഴും അതാ ഉപയോഗിക്കുന്നത്. പക്ഷെ വീട്ടില്‍ ഇടാനുള്ള ബുദ്ധിമുട്ട് കൊണ്ട്, എന്ന് വച്ചാല്‍ സ്ഥലം ഇല്ലാത്തതു കൊണ്ട്, നമ്മുടെ അനില അംബാനിയുടെ വീട്ടില്‍ കൊണ്ടിടും. രാവിലെ സവാരിക്ക് ഇറങ്ങും. ഇന്ന് രാവിലെ ജോര്‍ജ്ജ് വിളിച്ചപ്പോള്‍ ഞാന്‍ ഇത് പറഞ്ഞു...അവന്‍ ചോദിക്കുവാ, എടാ ഇത്രയും നാളായിട്ടും അത് നീ വിറ്റില്ലേ എന്ന്....ഞാന്‍ പറഞ്ഞു..എടാ മോനെ ഇതാടാ സൌഹൃതം,,,,...ഞാന്‍ അതെങ്ങനെ വിറ്റു കാശാക്കും...ഇല്ലെടാ അതെനിക്ക് പറ്റത്തില്ല.......സൌഹൃതം വിറ്റു എനിക്കെന്റെ വിശപ്പ്‌ അടക്കണ്ട എന്ന്. അവന്‍ ഒത്തിരി കരഞ്ഞു, അത് കേട്ടിട്ട്. നാളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.