Sunday, December 6, 2009

ഒരനുഭവത്തിന്റെ നൊമ്പരം

അവളില്‍ ഞാന്‍ ആകര്ഷിക്കപ്പെട്ടത്‌ എപ്പോഴാണ് എന്ന് എനിക്കും അറിയില്ല. അവള്‍ എന്ത് കൊണ്ട് എന്നെ സ്നേഹിച്ചു എന്നും, എന്നെ ആഗ്രഹിച്ചു എന്നും എനിക്കിന്നും അറിയില്ല. കറുത്ത് തടിച്ച അവളുടെ കണ്ണുകളില്‍ ആകര്ഷിണീയത ഉണ്ടായിരുന്നു എന്ന് എനിക്ക് സമ്മതിക്കേണ്ടി വരും. പക്ഷെ ആ നിമിഷങ്ങള്‍ എനിക്ക് വരരുതായിരുന്നു എന്ന് ഇന്നും ഞാന്‍ കരുതുന്നു. വെളുത്ത പല്ലിയെപ്പോലെ രൂപമുള്ള എന്നെ എന്തിനവള്‍ പ്രേമിച്ചു. നിറം കറത്തതെങ്കിലും , നീണ്ട കണ്ണുകള്‍ ആരെയും വശീകരിക്കുന്നതായിരുന്നു. അന്ന് ഞാന്‍ ഓഫീസില്‍ നിന്നും ലീവെടുത്ത് നേരത്തെ റൂമില്‍ വന്നു. പിടലിക്ക് ഭയങ്കര വേദനയായിരുന്നു. റൂമില്‍ വന്ന അപ്ടെ ഞാന്‍ കിടന്നു.ഉച്ച സമയത്ത് എന്റെ മുറിയുടെ ജനലുകള്‍ തുറന്നിട്ടിരിക്കുന്നത്‌ അവള്‍ കണ്ടു. ഷിഫ്റ്റ്‌ ജോലിയും കഴിഞ്ഞു വരുന്ന വഴിയില്‍ ജനാലയുടെ വാതിലുകളിക്കൂടി എത്തി നോക്കിയപ്പോള്‍ ഞാന്‍ അവിടെ ഉറങ്ങുന്നു. അവള്‍ വാതിലില്‍ മുട്ടി വിളിച്ചു. ഞാന്‍ പ്രയാസ്സപ്പെട്ടു എഴുന്നേറ്റു ചെന്ന് വാതില്‍ തുറന്നു. അവള്‍ അകത്തേയ്ക്ക് വന്നു. എന്താ ഇന്ന് ജോലിയ്ക്ക് പോയില്ലേ? പോയി...പക്ഷെ കമ്പ്യൂട്ടറില്‍ നോക്കാന്‍ വയ്യ , പിടലിയ്ക്ക് ഭയങ്കര വേദനയും, ഞാന്‍ മറുപടി കൊടുത്തു. ബാം പുരട്ടി തരട്ടെ? ചോദ്യം അവളില്‍ നിന്നും. ഓ...വേണ്ട ..."""മനസ്സില്ല മനസ്സോടെ"""" എന്റെ മറുപടി വീണ്ടും. അല്ല കുഴപ്പം ഇല്ല ഞാന്‍ ബാം പുരട്ടി തിരുമ്മി തരാം. ഉം...എന്നാ താ..എന്ന് ഞാനും. കമഴ്ന്നു കിടക്കൂ...അവള്‍....കമഴ്ന്നു കിടന്നു ഞാന്‍. വിരലുകള്‍ കൊണ്ട് തോണ്ടി എടുത്ത ബാം എന്റെ പുറത്തു , പിടലിയില്‍, അവള്‍ പൊട്ടു തൊടുന്നത് പോലെ ഓരോ പൊട്ടു തൊട്ടു. എന്നിട്ട് നന്നായി അവിടെയെല്ലാം തേച്ചു പിടിപ്പിച്ചു, ഒരു തിരുമ്മുകാരിയെ പോലെ അവള്‍ തിരുമ്മി തന്നു. പുളകിതനായി ഞാനും. അല്പം പേടി ഉണ്ടായിരുന്നു എനിക്ക്, ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച....കാത്തു സൂക്ഷിച്ച....എന്റെ ...എന്റെ .......നല്ല മനസ്സിന് കളങ്കം വരുമോന്ന് പേടിച്ചു എന്നാണോ നിങ്ങള്‍ കരുതിയത്‌. അല്ല...അത്രെയും മുറുകെ തിരുമ്മിയാല്‍, കിറു കിറു ശബ്ദത്തോടെ എന്റെ എല്ലുകള്‍ പൊട്ടി പോകുമോ എന്നാണു ഞാന്‍ പേടിച്ചത്. അത്രയും, ശക്തിയും, ആരോഗ്യവും ഉള്ള അവളുടെ മുന്നില്‍ ഒരു ഈയാം പാറ്റയെ പോലെ കമഴ്ന്നു കിടന്നു.ഞാന്‍....അവിടെയാണ് ആ ദുരന്തത്തിന്റെ തുടക്കം..ഇപ്പോഴും ചിന്തിക്കുന്നത് എന്തുകൊണ്ട് ആ ദുരന്തം വഴി മാറി പോയില്ല എന്നാണു.........ദുരന്തം............

ഒരു ഫ്ലാഷ് ബാക്ക്..........

ഈ മുകളില്‍ വിവരിച്ച സംഭവത്തിനു രണ്ടു ദിവസ്സം മുന്‍പ് വേറൊരു സംഭവം ഉണ്ടായി. അന്ന് അവധി ആയിരുന്നു. അന്ന് എന്റെ കൂട്ടുകാരനും ഞാനും കൂടി അല്പം വെള്ളം അടിച്ചു. വെള്ളം തലയ്ക്കു പിടിച്ചപ്പോള്‍ എനിക്ക് പ്രേമം വന്നു. കൂട്ടുകാരനോട് അല്ല കേട്ടോ . വേറൊരു പെണ്ണിനോട്. അവളുടെ പേര് ഞാന്‍ റിമി എന്ന് തല്‍ക്കാലം വിളിക്കട്ടെ........മറ്റവളെ ഞാന്‍ സുമി എന്നും വിളിക്കട്ടെ. റിമിയും, സുമിയും എന്റെ അടുത്ത താമസ്സക്കാര്‍ . അന്ന് റിമിയ്ക്കും അവധി. ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആയിരുന്നു. എനിക്കന്നു ആഹാരം വയ്ക്കാന്‍ അറിയില്ലായിരുന്നു. അത് കൊണ്ട് ഒരേ റൂമില്‍ താമസിക്കുന്ന റിമിയും, സുമിയും എനിക്ക് ആഹാരം വച്ച് തരുമായിരുന്നു. എനിക്ക് അവരെ ഒത്തിരി ഇഷ്ടമായിരുന്നു. പ്രേമം അല്ലാത്ത ഒരിഷ്ടം. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, റിമി എനിക്ക് ആഹാരവും ആയി എന്റെ മുറിയില്‍ വന്നു . ഒരേ ഒരു പെഗ്ഗില്‍ വലിയ ഒരു വെള്ളമടിക്കാരനെ പോലെ ആടിയും, പാടിയും പോകുന്ന ഞാന്‍ അന്ന് രണ്ടു പെഗ്ഗില്‍ എത്ര ആടിയെന്നു നിങ്ങള്‍ തന്നെ ഊഹിക്കുക. കുരീപ്പുഴ ശ്രീകുമാര്‍ അവര്‍കളുടെ ജെസ്സി നിനക്കെന്തു തോന്നി എന്ന കവിതയുടെ അന്നത്തെ ഏറ്റവും വലിയ ആരാധകന്‍ ആണ് ഞാന്‍. അത് ഞാന്‍ റിമിയ്ക്ക് ചൊല്ലി കേള്‍പ്പിച്ചു. എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആ കവിത മുഴുവനും അവള്‍ കേട്ടിരുന്നു. ഞാന്‍ അപ്പോഴും അവള്‍ കൊണ്ട് വന്ന ആഹാരം കഴിച്ചിരുന്നില്ല. ഞാന്‍ ഒരു പ്രേമാഭ്യര്‍ത്ഥന നടത്തി. അവള്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ എന്റെ വായില്‍ നിന്നുമുള്ള അഭ്യര്‍ത്ഥന കേട്ടപ്പോള്‍, എനിക്കൊത്തിരി ഇഷ്ടമാണ് ഇചായനെ, എന്ന് കേട്ടപ്പോള്‍, എന്റെ ലഹരി പതിന്‍ മടങ്ങ്‌ വര്‍ധിച്ചു. ഞങ്ങള്‍ ഭാവി കാര്യങ്ങള്‍ വരെ തീരുമാനിച്ചു. ഒരൊറ്റ നിമിഷം കൊണ്ട് ഞങ്ങള്‍ എത്രയോ സ്വപ്‌നങ്ങള്‍ കെട്ടി പൊക്കി. ഇത് കെട്ടി പൊക്കി തരാന്‍ സഹായിച്ച "ഗ്രീന്‍ ലേബലെ" നിന്നെ പാരില്‍ ഞാനെന്തു വിളിക്കണം.............. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചിറകുകള്‍ ഉള്ള പ്രണയ രഥത്തില്‍ ഞങ്ങള്‍ പറന്നു പൊങ്ങി.....ആകാശ നീലിമയിലൊരു വട്ടം വരച്ചു. ആ വരകള്‍ മായാതെ കിടന്നു....വെറും രണ്ടു ദിവസ്സതെക്ക് മാത്രം.........തിരിച്ചു ഞാന്‍ തിരുമ്മല്‍ ദിനത്തിലേക്ക് വരട്ടെ......പുറത്താകെ തിരുമ്മു കിട്ടിയപ്പോള്‍ ഒരു സുഖം....ഈ എല്ലുകള്‍ ഒടിഞ്ഞു പോയാലും വേണ്ടില്ല എന്നൊരു തോന്നല്‍ ഉള്ളില്‍ ഉടലെടുതോ എന്നൊരു സംശയം......ഇപ്പം എങ്ങനെ ഉണ്ട് എന്ന സുമിയുടെ ചോദ്യത്തിന് ഞാന്‍ കുറച്ചു കൂടി തിരുംമിക്കോ എന്ന മറുപടി തുടര്‍ന്ന് കൊണ്ടേയിരുന്നു. അയ്യോ പുറമെല്ലാം ഭയങ്കരമായി "ചുവന്നു" എന്നുള്ള പറച്ചലില്‍ ഞാന്‍ പറഞ്ഞു എന്നാ നിര്‍ത്തിക്കോ എന്ന്. കുറെ ഏറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ സുമിയുടെ ചോദ്യം കേട്ട് ഞാന്‍ നിര്‍വ്വികാരനായി പോയി......എന്ത് പറയണം എന്ന് എനിക്കറിയില്ല.....എന്നെ കുഴപ്പിച്ചു കളഞ്ഞു ആ ചോദ്യം. ഈ നല്ല ഹൃദയം ഞാന്‍ കവര്‍ന്നെടുതോട്ടെ എന്ന്......അത് വേണോ എന്ന് ഞാനും. റിമിയ്ക്ക് കൊടുത്ത വാക്കിന് ഭംഗം വരരുതല്ലോ. ഞാന്‍ തറപ്പിച്ചു പറഞ്ഞു അത് വേണ്ടെടോ.......അത് ശരിയാകില്ല. അവളുടെ കറുത്ത മുഖം വീണ്ടും കറുത്ത് പോയി. അവളുടെ നിറഞ്ഞ കണ്‍കളില്‍ നോക്കാന്‍ ത്രാണിയില്ലാതെ ഞാന്‍ കുനിഞ്ഞിരുന്നു. അവള്‍ ഏങ്ങല്‍ അടക്കി പിടിച്ചു പുറത്തേക്കു പോയി. അടുത്ത ദിവസ്സം രാവിലെ റിമി എന്നെ കണ്ട ഭാവം പോലും നടിക്കാതെ എന്റെ വീടിനു മുന്നില്‍ കൂടി നടന്നു പോയി.....ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു പോയി. അറിയില്ല..എന്റെ തെറ്റ് എന്താണെന്ന്.....ഇപ്പോള്‍ രണ്ടു പേരും എന്നോട് മിണ്ടാറില്ല.....എന്തോ വലിയ അപരാധം ഞാന്‍ ചെയ്തത് പോലെ. എനിക്കറിയില്ല ഞാന്‍ എന്താണ് തെറ്റ് ചെയ്തത് എന്ന്.................മൂന്നാം ദിവസ്സം വൈകിട്ട് ഏഴു മണിക്ക് ഞാന്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍, ഒരു വിളി കേട്ട്......അച്ചായാ.....ഒന്ന് പെട്ടെന്ന് വരാമോ.......പെട്ടെന്ന് വേണം.........കരച്ചിലോടു കൂടിയുള്ള റിമിയുടെ വിളിയില്‍ എന്തോ പന്തികേട്‌ തോന്നിയ ഞാന്‍ നല്ലത് പോലെ ഒന്ന് തോര്‍താതെ..ഈറനായി തന്നെ പെട്ടെന്ന് തന്നെ വസ്ത്രം മാറി ഓടി വാതില്‍ തുറന്നു അവളുടെ കൂടെ തന്നെ അവരുടെ വീട്ടിലേക്കു പോയി.....അവിടെ ചെന്ന് കയറിയപ്പോള്‍, ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ദുരന്തം ആയിരുന്നു എന്റെ കണ്‍മുന്‍പില്‍. എന്ത് ചെയ്യണം എന്ന് ഒരു തീരുമാനം പോലും എടുക്കാനാവാതെ ഞാന്‍ മിഴിച്ചു നിന്നു.............നേരെ നില്‍ക്കാന്‍ പോലും ആകാതെ എന്റെ ശരീരം വിറ കൊണ്ടു..

പെട്ടെന്ന് ഞാനെന്റെ മനോധൈര്യം വീണ്ടെടുത്ത്‌. എന്റെ ഹൃദയം കിട്ടാഞ്ഞതിന്റെ ക്രൂരമായ പ്രതികാരമോ, അതോ ഞാന്‍ ഇല്ലാത്ത ജീവിതം അവള്‍ക്കു വേണ്ടെന്നു തീരുമാനിച്ചതോ, അറിയില്ല...അവള്‍ തന്റെ ജീവിതം അവസാനിപ്പിക്കാനായി ഒരു പിടി ഉറക്ക ഗുളികകള്‍ വിഴുങ്ങി . ഞാനും റിമിയും കൂടി സുമിയെ താങ്ങി ഇരുത്തി. വായില്‍ നിന്നും വരുന്ന നുരയും പതയും ഞങ്ങള്‍ തുടച്ചു. പെട്ടെന്ന് ഞാന്‍ കുറെ വെള്ളം അവളെ കുടിപ്പിച്ചു. എന്നിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. തക്ക സമയത്ത് തന്നെ അറിഞ്ഞതിനാല്‍ ജീവഹാനി സംഭവിച്ചില്ല. രാത്രി മുഴുവന്‍ ഞാന്‍ ഉറക്കമിളച്ചിരുന്നു. അവള്‍ എഴുതി വച്ചിരുന്ന കത്ത് വായിച്ചു എന്റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ശബ്ദം ഇല്ല. അവള്‍ പതുക്കെ കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ദൈവത്തിനു നന്ദി ചൊല്ലി. പകുതി മയക്കത്തിലും അവള്‍ എന്റെ പേര് ചൊല്ലി വിളിക്കുന്നുണ്ടായിരുന്നു. പിന്നെ അവള്‍ക്കു നല്ലത് പോലെ ബോധം വീണു. എന്നെ കണ്ടപ്പോള്‍ അടുത്തിരുന്ന എന്നെ ഒരു കൈ കൊണ്ടു ചുറ്റി പിടിച്ചു എന്നെ വിട്ടു പോകല്ലേ എന്ന് നിലവിളിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം. ഞാന്‍ പറഞ്ഞു , സാരമില്ല , ഇപ്പോള്‍ സമാധാനം ആയി ഇരിക്കൂ...കുഴപ്പം ഒന്നും വരാതെ ദൈവം കാത്തല്ലോ. ഞാന്‍ സുമിയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു, സുമിയെ പരിചരിക്കാന്‍ ഇരുത്തിയിട്ട് ഞാന്‍ നേരെ റൂമിലേക്ക്‌ പോയി, ഉറക്ക ചടവോടെ ഓഫീസിലും പോയി......ഓഫീസ്സില്‍ ചെന്നിരുന്ന ഞാന്‍ വിങ്ങി പൊട്ടി പോയി. പിന്നെ എനിക്ക് ഫോണ്‍ വിളികളുടെ ഒരു നിര തന്നെ ആയിരുന്നു. കേട്ട അപവാദങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒരു കൂട്ടം മലയാളി സഹോദരങ്ങള്‍ ഇങ്ങനെയും പറഞ്ഞു , എന്നില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഞാന്‍ വിഷം കൊടുത്തെന്നും, അവിഹിത ഗര്‍ഭം അലസ്സിപ്പിക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയെന്നു വരെ കഥകള്‍ മെനഞ്ഞു.. എനിക്ക് മാനസ്സിക നില തെറ്റുമെന്നു വരെ തോന്നി പോയി ഞാന്‍. ഒരു തീരുമാനവും എടുക്കാനാവാതെ ഞാന്‍ അലഞ്ഞു. മദ്യം എന്നെ കുടിക്കാന്‍ ആരംഭിച്ചു. ഞാന്‍ തീര്‍ത്തും മദ്യത്തില്‍ അഭയം തേടി. ഈ ലോകത്തോട്‌ ഞാന്‍ ചോദിച്ചു , എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് ലോകമേ നിന്നോട്. എനിക്കെന്നും കണ്ണ് നീരിന്റെ ഉപ്പു രസത്തെ രുചിക്കാന്‍ മാത്രമേ വിധിയുള്ളോ.

രണ്ടു ദിവസ്സത്തെ ആശുപത്രി വാസ്സത്തിനു ശേഷം സുമി തിരിച്ചു വന്നു. ഞാന്‍ ആരെയും കാണുവാന്‍ ആഗ്രഹിച്ചില്ല. എന്തിനു....നിരപരാധിയായ എന്നെ കല്ലെറിഞ്ഞ കൂട്ടരേ നിന്നോട് എങ്ങനെ ഞാന്‍ അടുക്കും. ഒരിക്കല്‍ ഈ ലോകം നിന്നോടും ചോദിക്കും. അന്ന് നീ കരയരുത്. കരയുമ്പോള്‍ അത് നിന്റെ പരാജയമായിരിക്കും ...ആ പരാജയത്തിനു മുന്‍പില്‍ നീ അലമുറയിടും..... അന്ന് നീ ഈ എന്നെ ഓര്‍ക്കും. റിമി , അവള്‍ സുമിയ്ക്ക് വേണ്ടി വഴി മാറി കൊടുത്തു. ഞാന്‍ മൂലം നിന്റെ കണ്ണ് നീര്‍ ഞാന്‍ സ്നേഹിച്ച അച്ചായന്റെ നെഞ്ചില്‍ വീഴരുത് എന്ന് ആഗ്രഹിച്ചു. സുമിയോ????? സുമി തന്റെ ചെയ്തികള്‍ ക്രൂരമായി പോയി , അല്പം കടുത്തു പോയി എന്ന് മനസ്സിലാക്കി. എന്നോട് മാപ്പ് ചോദിച്ചു. ഞാന്‍ ചോദിച്ചു....കുഞ്ഞേ ഈ ലോകം മുഴുവനും എന്നെ കല്ലെറിയുന്നത്‌ നീ കണ്ടില്ലേ....ഇനി നീ മാപ്പ് ചോദിച്ചിട്ടെന്തു കാര്യം. എനിക്ക് നിന്നോട് പിണക്കമൊന്നും ഇല്ല , പക്ഷെ ജീവിതം ഒരിക്കല്‍ മാത്രം ഉള്ളതാണ്, അതു നന്മയ്ക്ക് വേണ്ടി ഉപയോഗിക്കൂ എന്ന് മദ്യത്തില്‍ കുളിച്ച എന്റെ ഉപദേശം. എന്നോ....എങ്ങനെയോ....ഞാന്‍ സുമിയോട്‌ അടുത്ത്.....നിര കണ്ണുകളോടെ വിട പറഞ്ഞ റിമി എന്റെ ഒരു കൂട്ടുകാരിയായി മാറി. വെറും കൂട്ടുകാരി. അവളുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ എന്റെ ജീവിതം സുമിയോട്‌ കൂടി പങ്കു വയ്ക്കുവാന്‍ ഉള്ള തീരുമാനം വീട്ടില്‍ അറിയിച്ചു. സുമിയ്ക്ക് അപ്പനില്ല.....വീടില്ല.....വെറും പാവങ്ങള്‍.....എന്റെ വീട്ടുകാര്‍ക്ക് അത് ദഹിക്കില്ല.അത്രയും താഴ്ന്നു പോകണോ എന്നാ ചിന്തകള്‍ അവരെ മഥിച്ചു. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ആരും എനിക്ക് അനുവാദം തന്നില്ല. ഞാന്‍ മദ്യം കഴിച്ചിട്ട് വന്നു വീട്ടില്‍ ബഹളമുണ്ടാക്കി. എന്റെ അമ്മ മാത്രം എന്നോട് പറഞ്ഞു മോന് അതാണ്‌ ഇഷ്ടമെങ്കില്‍ അവളെ കല്യാണം കഴിച്ചോളൂ.....പക്ഷെ നീ ഇങ്ങനെ വഴി പിഴച്ചു പോകരുത്. നിന്റെ നന്മയാണ് എനിക്ക് കാണേണ്ടത്. അപ്പോഴും ഹിമാലയതെക്കള്‍ വലുപ്പമുള്ള എതിര്‍പ്പുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. നാട്ടില്‍ എന്നോടൊപ്പം കല്യാണം കഴിക്കാന്‍ വന്ന സുമി എന്നെ വിളിച്ചു പറഞ്ഞു...നമുക്ക് പിരിയാം.....അല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല. ഞാന്‍ മുഖാന്തിരം അച്ചായന്‍ ഒത്തിരി അനുഭവിച്ചു. എനിക്ക് തന്ന സ്നേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഫോണ്‍ കട്ട്‌ ആയി.

തിരിച്ചവള്‍ ജോലി സ്ഥലത്തേക്ക് പോയി. ഞാന്‍ വീണ്ടും രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചു ജോലി സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോള്‍ എന്നെ കാത്തിരുന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു.....സുമി ...അവള്‍ വേറെ ഒരാളെ കണ്ടെത്തി.....ഞാന്‍ ഒരു പെണ്ണിനെ പോലെ വാ വിട്ടു കരഞ്ഞു.....ഇങ്ങനെ പ്രാര്‍ത്ഥിച്ചു ..നല്ലതേ എനിക്ക് തരാവേ....അവിടുന്ന് തരുന്ന ജീവിതം നല്ലത് തന്നെ ആകുമല്ലോ.....എന്റെ തിരഞ്ഞെടുപ്പുകള്‍ ഒന്നും തെറ്റായി ഭവിക്കരുതേ.....ഞാന്‍ വീട്ടിലേക്കു ഫോണ്‍ ചെയ്തു..അമ്മെ ..അമ്മ പോയി ഇഷ്ടമുള്ള പെണ്‍കുട്ടിയെ കണ്ടോളൂ....ഞാന്‍ അടുത്ത ആഴ്ചയില്‍ നാട്ടില്‍ വരുകയാണ്. അമ്മ പറഞ്ഞു മോന്‍ വന്നു കണ്ടു ഇഷ്ടപ്പെട്ടു കെട്ടിയാല്‍ മതി.....ഞാന്‍ നാട്ടില്‍ പോയി, പെണ്ണ് കണ്ടു. എനിക്കിഷ്ടപെട്ടു. അവളെ കെട്ടി. ഞാന്‍ എന്റെ കഥകള്‍ പറഞ്ഞു.. പാവം അവള്‍ കരഞ്ഞു....എന്നിട്ട് എന്നോട് പറഞ്ഞു നമുക്ക് സുമിയെ പോയി കാണാമെന്നു......ഞാന്‍ പറഞ്ഞു അത് വേണ്ട...സുമിയുടെ പ്രതികരണം ഒരു പക്ഷെ എങ്ങനെ ആണെന്ന് അറിയില്ല...അത് നിന്നെ വേദനിപ്പിചാലോ.....എന്റെ ഭാര്യ സമ്മതിച്ചു. അങ്ങനെ ഒരു പ്രണയ ദുരന്തം........

ഇന്ന് ഞാന്‍ എല്ലാം എന്റെ ഭാര്യയോടു പറഞ്ഞത് കൊണ്ടു അവള്‍ക്കെന്റെ മനസ്സറിയാം......ഞങ്ങള്‍ സന്തോഷമായി ജീവിക്കുന്നു...ഏതു പ്രതിസന്ധികളും ഞങ്ങള്‍ ഒരുമിച്ചു നേരിടുന്നു. എനാലും ഇടയ്ക്കിടെ എന്നോട് പറയും, പണ്ടത്തെ പോലൊന്നും പോയ്കളയല്ലേ.....ഇടിച്ചു ഞാന്‍ സൂപ്പാക്കും. പെണ്ണല്ലേ അവളും, മനസ്സില്‍ പേടി കാണാതിരിക്കുമോ....അതും എന്നെ പോലൊരു വിരുതനെ സഹിക്കണ്ടെ.......

പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ