Friday, December 11, 2009

എന്റെ ആദ്യത്തെ ആകാശ യാത്ര....

സ്കൂളില്‍ അധ്യാപകന്‍ മേശപ്പുറത്തു വച്ച് കാണിച്ചു തന്ന ഗ്ലോബിന്റെ ഒരു ഭാഗത്ത് കാണുന്ന ആഫ്രിക്കന്‍ ഭൂഘന്ടത്തെ കുറിച്ച് അന്നൊന്നും അത്ര ശ്രദ്ധിച്ചില്ല. കാരണം ഞാന്‍ ആഫ്രിക്കയില്‍ പോകാനോ?, എന്തിനു എന്റെ ഗ്രാമം വിട്ടു ഞാന്‍ ദൂരെ പോകുമെന്ന് കരുതിയില്ല. 2002 ജനുവരി മാസ്സം 15 നു പടിഞ്ഞാറന്‍ ആഫ്രികയിലെ സിയറ ലിയോണില്‍ ചെല്ലുവാന്‍ വിളി വന്നപ്പോള്‍ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഭയത്തിന്റെ നേരിപ്പോടെരിയുകയായിരുന്നു. കാരണം വിമാനത്തില്‍ കയറാന്‍ പേടിയാണ്. മനുഷ്യേനെ തിന്നുന്ന നാട്ടില്‍ പോകണം ...ഹോ...അങ്ങനെ ആ ദിവസ്സം വന്നു. മറക്കൂല ഞാന്‍ ആ ദിവസ്സം. അതിരാവിലെ എഴുന്നേറ്റു കുളിയും നനയും കഴിഞ്ഞു , സുന്ദര കുട്ടപ്പനായി ഒരുങ്ങി, ഒന്നുമറിയാതെ ഉറങ്ങി കിടക്കുന്ന ആദ്യത്തെ കണ്മണിയെ, തുരു തുരാ ഉമ്മ വച്ച്, കവിളിലൂടെ ഒലിച്ചിറങ്ങിയ ഉപ്പു വെള്ളം തുടച്ചിട്ടു , പ്രീയതമക്കും ഒരു ഉമ്മ കൊടുത്തു, കോട്ടിന്റെ മുകളിലൂടെ കെട്ടി തൂക്കിയിട്ട നാടയില്‍ പിടിച്ചു ഒന്നൂടി നന്നായി വലിച്ചു മുറുക്കി, കാറില്‍ ചെന്ന് കയറി, ആ തണുത്ത ഉറഞ്ഞു കിടക്കുന്ന ഡല്‍ഹിയുടെ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇനി ഈ വഴികളിലൂടെ വരാന്‍ പറ്റിയില്ലെങ്കില്‍ , ഒരിക്കല്‍ കൂടി കാണാനുള്ള മോഹം കൊണ്ട്. പാലം വിമാന താവളത്തിന് മുന്‍പില്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ചക്രങ്ങള്‍ തറയില്‍ ഉരഞ്ഞു നിന്നപ്പോള്‍ എന്റെ മനസ്സിലാണ് അതിന്റെ പോറലുകള്‍ ഏറ്റത് എന്ന് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാറില്‍ നിന്നും ഇറങ്ങി.പെട്ടിയും തൂക്കി എടുത്തു കൊണ്ട് അകത്തേക്ക് പ്രവേശിച്ച ഞാന്‍ ഒരു നിമിഷം അന്തിച്ചു നിന്നു. എങ്ങോട്ട് പോകണം എന്നറിയാതെ. കുറെ പോലീസ്സുകാരും അവിടെ അവിടെ ആയി നില്‍ക്കുന്നു. പണ്ടേ പോലീസിനെ എനിക്ക് പേടിയാ. എന്താ‌ എന്നറിയില്ല. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നു. ഞാനും നടന്നു. കണ്ടു ഒരു കറുത്ത സാധനം , അതിലൂടെ പെട്ടികള്‍ കയറ്റി വിടുന്നു. അത് മറു വശത്ത് വന്നു നില്‍ക്കുന്നു ,യാത്രക്കാര്‍ അതെടുത്ത് ട്രോളിയില്‍ വച്ച് ഉരുട്ടി കൊണ്ട് പോകുന്നു. എന്റെ ആദ്യത്തെ അനുഭവം ആയതു കൊണ്ട് അവര് ചെയ്യുന്ന പോലെ ഞാനും ചെയ്തു. അങ്ങനെ അവസാനം ഭീമാരകാരനായ എത്യോപ്യന്‍ വിമാനത്തിന്റെ പടികള്‍ കയറുമ്പോള്‍ മനസ്സ് വീണ്ടും ഒന്ന് ഞരങ്ങി. കയറി ചെന്ന പാടെ ഒരു കറുത്ത ചെല്ലകിളി അവളുടെ പരു പരുത്ത ശബ്ദത്തില്‍ അവള്‍ എന്തോ ഒന്ന് മുരണ്ടു. അവളുടെ മുഖത്ത് ചിരി ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് മനസ്സിലായി എന്തോ നല്ല കാര്യമാണ് അവള് പറഞ്ഞത് എന്ന്. ഞാനും ചിരിച്ചു.
പോയി എന്റെ സീറ്റ്‌ നോക്കി ഇരുന്നു. എന്റെ പാവപ്പെട്ട "കരുണാ സനത്തില്‍" എന്തോ ഒന്ന് തടഞ്ഞതും, ചാടി എഴുന്നേറ്റു. ഒരു ബെല്ടിന്റെ അറ്റത്ത്‌ ഉള്ള സ്റീലിന്റെ ഒരു കൊളുത്ത്. ഹും...ഇതൊക്കെ ഇവളുമാര്‍ക്ക് ഇവിടേ വയ്ക്കാന്‍ സ്ഥലം കണ്ടുള്ളൂ , യാത്രക്കാര്‍ക്ക് ഇരിക്കെണ്ടതല്ലേ...എന്റെ മനസ്സില്‍ ക്ഷ, ന്നാ, അക്ഷരങ്ങള്‍ വള്ളിയും പുള്ളിയും ചേര്‍ത്ത് വന്നു. അമളി മനസ്സിലാകിയ ഞാന്‍, സീറ്റിലിരുന്നു അതെടുത്ത് കെട്ടി. അപ്പുറത്തെ ആള്‍ ചെയ്തത് കണ്ടിട്ടാണ് ഞാന്‍ സംരംഭത്തിന് മുതിര്‍ന്നത് , അല്ലാരുന്നേല്‍ കാണായിരുന്നു . വലിച്ചു പറിച്ചു ദൂരെ എറിഞ്ഞേനെ. അല്ലാതെ എന്റെ അറിവിന്റെ കൂടുതല്‍ കൊണ്ടന്നുമല്ല അതെടുത്ത് കെട്ടിയത്. വിമാനം ആകാശത്തേക്ക് ഇപ്പം പറക്കും എന്ന് സ്പീകരില്‍ കൂടി വന്ന ശബ്ദം എനിക്കു അറിയാന്‍ വയ്യാത്ത ഭാഷയില്‍ ആണെന്ന് ആരാ പറഞ്ഞത്? ഞാന്‍ അതെല്ലാം മനസ്സിലാകി. അന്നും ഞാന്‍ ഇന്ഗ്ലീഷ്‌ അക്ഷരങ്ങള്‍ എല്ലാം കാണാതെ പറയുമായിരുന്നു . എനിക്ക് എന്നോട് തന്നെ അസൂയ തോന്നിയ നിമിഷം . ഉള്ളില്‍ അപ്പോഴും നേരിപ്പോടെരിയുന്നുണ്ടായിരുന്നു . എല്ലാവരും ഇരുന്ന പോലെ ഞാനും ഇരുന്നു. വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്ന ഒരാളെ പോലെ ഞാന്‍ ഇരുന്നു, അല്ല അങ്ങനെ അല്ലെ..ഞാന്‍ ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യാന്‍ പോകുന്നത്.




ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍, ജനിച്ചു വളര്‍ന്ന ഞാന്‍ , വള്ളി പൊട്ടിയ പ്ലാസ്റിക് ചെരുപ്പ് വട്ടത്തില്‍ കണ്ടിച്ചു വണ്ടിയുടെ വീല്‍ ഉണ്ടാക്കി കളിച്ച ഞാന്‍, ചിതലും , ചിലന്തിയും മത്സരിച്ചു വികൃതമാകിയ പത്തായ പുരയും, ചാണകം മെഴുകിയ മൂന്നാല് മുറികളില്‍ കഴിഞ്ഞ ഞാന്‍, പാള തൊപ്പിയും തലയില്‍ വച്ച് , കുട്ടിതോര്‍ത്തും ഉടുത്തു അതി രാവിലെ വയലിലേക്ക്‌ പോകുന്ന അപ്പന്റെ മുഖവും കണ്ടു വളര്‍ന്ന ഞാന്‍ സായിപ്പിന്റെ ഭാഷയിലെ ചില അക്ഷരങ്ങള്‍ പറയാന്‍ പടിചെന്കില്‍ അഭിമാനം ഉള്ള കാര്യം തന്നെ ആണ്. വിമാനം പറക്കാന്‍ തയ്യാറായി. എന്റെ ആത്മാവും പറക്കാന്‍ തയ്യാറായി എന്ന് എനിക്ക് തോന്നി. അമ്പലത്തിലെ ഉത്സവത്തിനു, ഇത്രയും ചെണ്ട മേളം ഞാന്‍ കേട്ടിട്ടുണ്ടോ? ഇല്ല. ഞാന്‍ സീറ്റിന്റെ വശത്ത് അമര്‍ത്തി പിടിച്ചു, കണ്ണടച്ചിരുന്നു. മനസ്സില്‍ ഒരു ചോദ്യം " ഇതിപ്പോ താഴോട്ട് വീണാലോ? " ഉത്തരം ഇന്നും എനിക്കില്ല. ഞങ്ങള്‍ ആകാശത്ത് എത്തി . ഞാന്‍ വിന്‍ഡോയില്‍ കൂടി താഴേക്കു നോക്കി , എന്റെ തെള്ളി പോയ കണ്ണ് വീണ്ടും തെള്ളി പുറത്തേക്കു വന്നു.


അപ്പോഴേക്കും എനിക്ക് നല്ല ഉറക്കം വരുന്ന പോലെ തോന്നി. ചെവിയില്‍ കൂടി തീവണ്ടിയുടെ ചൂളം വിളി പോലെ ഉള്ള ശബ്ദവും. എല്ലാം എന്നെ തളര്‍ത്തി. എപ്പോഴോ ഞാന്‍ ഉറങ്ങി പോയി. എസ്ക്യൂസ്മി സര്‍, ....ഒരു വിളി , അതോടൊപ്പം ഒരു ഞോണ്ടും. ഞാന്‍ കണ്ണ് തുറന്നു, " ആഹാ ഇതാരാ, കറുത്ത മാലാഖ, പുഞ്ചിരി തൂകി കൊണ്ട് എന്നെ നോക്കി കശ പിശ പറയുന്നു......അതും ഹരിയാനയില്‍ ഞാന്‍ വഴിവക്കില്‍ കണ്ട പോലെ ഒരു ഉന്തുവണ്ടിയുമായി വന്നു നില്‍ക്കുവല്ലിയോ.....ശ്ശോ അവളുടെ മുഖത്തേക്ക് നോക്കാന്‍ തന്നെ ഗ്രാമ വാസിയായ എനിക്ക് നാണം തോന്നി. ആ മാലാഖയുടെ ശരീരത്തില്‍ നിന്നും അടിച്ച ഹൈ ക്ലാസ്സ്‌ പെര്‍ഫ്യൂം എന്റെ നാസാരന്ത്രങ്ങളെ മാത്രമല്ല, ശരീരത്തിനുള്ളില്‍ എത്ര കുഴലുകള്‍ ഉണ്ടോ അതെല്ലാം തുറന്നു.എനിക്ക് മതിപ്പു തോന്നി, ആ കറുത്ത "ചുന്ദരി" എന്നെ സര്‍ എന്ന് വിളിച്ചു, എടാ പോടാ കേട്ട് വളര്‍ന്ന ഞാന്‍ പുളകിതനായി. സ്വാഭാവികമായും ഒരു തനി കേരളീയന് തോന്നുന്ന പോലെ ഒരു ചെറിയ പ്രണയത്തിന്റെ വല്ലരിയും പൂതുലഞ്ഞോ..എനിക്ക് മാത്രം. ഒരു ദിവസ്സം അവള്‍ എത്ര പേരെ ഇങ്ങനെ സത്കരിക്കുന്നവള്‍ ആണെന്ന് ഈ വിഡ്ഢിയായ എനിക്കുണ്ടോ മനസ്സിലാവുന്നു.
പരിപ്പുവടയും, ചായയും, ബീഡിയും, ഓ സി ആര്‍ റമ്മും, ബാഗ്പൈപര്‍ വിസ്കിയും മാത്രം പരിചയമുള്ള എനിക്ക് , അവള്‍ ഉന്ത് വണ്ടിയില്‍ കൊണ്ട് വന്ന പാനീയങ്ങളെ മനസ്സിലായില്ല, ചോദിക്കാനുള്ള സായിപ്പിന്റെ വ്യാകരണം എന്റെ കയ്യില്‍ സ്ടോക്ക് ഇല്ലാത്തതു കൊണ്ട് അവള്‍ തൊട്ടു കാണിച്ച സാധനം തന്നെ ഞാന്‍ " യേസ്" നീട്ടി മൂളി വാങ്ങിയപ്പോള്‍, "എസ്സും നോയും" പഠിച്ച നിമിഷത്തെ ഞാന്‍ അറിയാതെ വാഴ്ത്തിപോയി. പിന്നെ ഞാന്‍ ആകാശ പറവയായി, ഉരുണ്ടു വെളുത്തു കൂട്ടം കൂട്ടമായി ഉറഞ്ഞു കിടക്കുന്ന മേഘങ്ങളെ കണ്ടു, മേഘങ്ങള്‍ക്ക് മുകളില്‍ ഇനിയും സ്ഥലം ഉണ്ടെന്നു നേരില്‍ അറിഞ്ഞു. ചില സമയങ്ങളില്‍, നാട്ടിലെ കാളവണ്ടിയില്‍ സ്കൂളില്‍ പോയ സമയത്തെ ഓര്‍മ്മിക്കതക്ക വിധത്തില്‍ വിമാനം ഉലയുകയും ചെയ്യുമ്പോള്‍ അല്പം ഭയം ഉള്ളില്‍ ഉള്ളത് വീണ്ടും പുറത്തു വരുമായിരുന്നു. കറുത്ത മാലാഖമാര്‍ കൊണ്ട് തന്ന പേരില്ലാത്ത ഭക്ഷണം കഴിച്ചപ്പോള്‍ , പ്ലേറ്റില്‍ ഇരുന്ന ഒരു റോസാപൂവും, അതിനടുത്ത് ഒരു കവറില്‍ വച്ച ടിഷ്യൂ പേപ്പറും കഴിക്കെണ്ടാതാണോ എന്ന സന്ദേഹം ഇല്ലാതില്ല. ഭാഗ്യത്തിനോ, നിര്‍ഭാഗ്യത്തിനോ ഞാന്‍ അതില്‍ തൊട്ടില്ല. കാകനെ പോലെ ചരിഞ്ഞു നോക്കിയും, മിമിക്ര്കാരെ പോലെ അടുത്തിരിക്കുന്നവന്‍ കാണിക്കുന്ന വിക്രിയകള്‍ അതെ പടി പകര്‍ത്തി ഞാന്‍ അബദ്ധങ്ങളില്‍ നിന്നും രക്ഷപെട്ടു. അങ്ങനെ ഒന്നാമത്തെ ദിവസ്സം മണിക്കൂറുകള്‍ നീണ്ട യാത്രകൊടുവില്‍ ഞാന്‍ ഘാന എന്ന ആഫ്രിക്കന്‍ രാജ്യത്തില്‍ കാലു കുത്തി.




വിമാന കമ്പനിക്കാര്‍ ഞങ്ങള്‍ കുറച്ചു പേരെ , അതായത് ട്രാന്‍സിറ്റ്‌ യാത്രക്കാരെ ഒരു വാനില്‍ കയറ്റി ഒരു ഹോട്ടലില്‍ കൊണ്ട് പോകുന്നു. എനിക്ക് നാളെ രാവിലെ വീണ്ടും യാത്ര ആണല്ലോ. വിമാന താവളത്തില്‍ നിന്നും വെളിയില്‍ ഇറങ്ങിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. അംബര ചുംബികളായ സൌധങ്ങള്‍ മേഘങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയല്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. കറുത്ത രാജ്യത്തിനെ കുറിച്ച് ഉള്ള എന്റെ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. കുറച്ചു കൂടി ഞങ്ങളുടെ വാഹനം മുന്നോട്ടു പോയി കഴിഞ്ഞിരിക്കുന്നു. വാഹനത്തില്‍ ഞാന്‍ പ്രായമുള്ള ഇന്ത്യാക്കാരനെ കണ്ടു. ഞാന്‍ ഹിന്ദിയില്‍ അദ്ദേഹത്തോട് ഒരു ചോദ്യ ശരം വിട്ടു. ഇന്ത്യാക്കാരന്‍ ആണോ എന്നറിയാനുള്ള എന്റെ വിദ്യ, ആപ് ഇന്ത്യ സെ ഹേ ക്യാ? ഒന്ന് ചിന്തിച്ചു നോക്കൂ, അയാള്‍ ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഞാന്‍ ചോദിച്ച ഭാഷയ്ക്ക് എന്ത് പ്രസക്തി. വിട്ട ശരം അതെ പോലെ തിരിഞ്ഞു പാഞ്ഞു വന്നു "യേസ്", ദൈവമേ കുഴഞ്ഞോ, ഞാന്‍ ചോദിച്ച ഭാഷയില്‍ ഇയാള്‍ എന്താ മറുപടി തരാത്തത്. ഇനി ഗ്രഹപിഴയ്ക്ക് അയാള്‍ അന്ഗ്രെജി മാത്രമേ പറയുക ഉള്ളൂ എങ്കില്‍ ഞാന്‍ എന്റെ "എ, ബി, സി, ഡി, കൊണ്ടെന്തു ചെയ്യും. വിട്ടില്ല ഞാന്‍ ...വീണ്ടും നമ്മുടെ ഹിന്ദിയില്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. അവസാനം അയാള്‍ ഇന്ഗ്ലീശും , ഹിന്ദിയും ചേര്‍ത്ത് വച്ച് മറുപടി തന്നു കൊണ്ടേയിരുന്നു. ആ മനുഷ്യന്‍ ഡല്‍ഹിയില്‍ ഒരു യൂനിവേഴ്സിറ്റിയിലെ പ്രോഫ്ഫസ്സര്‍ ആണ്, അദ്ദേഹം രണ്ടു വര്‍ഷത്തെ ലീവും എടുത്തു യു എന്നില്‍ ജോലിക്ക് പോകുന്നു. എവിടെ??? ഞാന്‍ പോകുന്ന അതെ സ്ഥലത്ത്. ഞാന്‍ അദ്ദേഹത്തോട് കൂടി. ഞങ്ങളുടെ വണ്ടി ടാര്‍ ഇട്ട റോഡില്‍ നിന്നും തിരിഞ്ഞു, എന്റെ കുഞ്ഞുന്നാളില്‍ ഞാന്‍ കണ്ട എന്റെ ഗ്രാമത്തിലെ പോലെ കല്ലും മുള്ളും നിറഞ്ഞ വഴിയോരത്ത് കൂടെ ഞങ്ങടെ യാത്ര. എത്ര മനോഹരം. അവിടുത്തെ ഹരിതാഭമായ കാഴ്ച കണ്ണുകള്‍ക്ക്‌ കുളിര്‍മ്മ നല്‍കി. റോഡിന്റെ രണ്ടു സൈഡിലും പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നു. ചെമ്മണ്‍ പാത. ഡല്‍ഹിയിലെ നഗര വീഥിയില്‍ നിന്നും ഉയര്‍ന്നു വന്ന കറുത്ത പുക വലിച്ചു മൂക്കില്‍ കേറ്റാന്‍ തുടങ്ങിയിട്ട് ആറു വര്ഷം കഴിഞ്ഞില്ലേ...ഇന്നിതാ ഞാന്‍ പച്ച മണ്ണിന്റെ മണം ആവോളം ആസ്വതിക്കുന്നു. പൊതുവേ ഒരു പ്രകൃതി സ്നേഹിയായ എനിക്ക് ഇതില്‍ പരം എന്ത് വേണം. വൈകുന്നേര സമയമായത് കൊണ്ട് അങ്ങകലെ കുന്നിന്‍ മുകളില്‍ മറയാന്‍ പോകുന്ന സൂര്യന്റെ ഞങ്ങടെ വണ്ടി ഏതോ ഒരു സ്ഥലത്ത് കൊണ്ട് നിര്‍ത്തി, മുന്നില്‍ കണ്ടത് വലിയ ഒരു ഗേറ്റ്, ചുറ്റും വലിയ മതിലുകള്‍. ഇരു വശത്തെയും ഗേറ്റുകള്‍ മലര്‍ക്കെ തുറന്നു ഞങ്ങളുടെ വാഹനത്തിനു വഴി ഒരുക്കി തന്നു. ഒരു കറുത്ത "മുട്ടാളന്‍" സല്യൂട്ട് ചെയ്തു കൊണ്ട് ഒരു വശത്തു നില്‍ക്കുന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി, ഡ്രൈവര്‍ ഞങ്ങളുടെ ബാഗുകള്‍ എല്ലാം എടുത്തു പുറത്തു വച്ച്. രണ്ടു മൂന്നു കാപിരികള്‍ വന്നു അതെടുത്ത് വലിച്ചു കൊണ്ട് ഹോടലിനകതെക്ക് പോയി. ഞങ്ങള്‍ പുറകെയും. വലിയ ഒരു ഹോട്ടല്‍, എന്റെ ഭാഷയില്‍ അതിനു ഞാന്‍ കൊട്ടാരം എന്ന് പറയും. കാരണം ഡല്‍ഹിയിലും, ഹരിയാനയിലും, ഇടുങ്ങിയ മുറികളില്‍ വാസ്സം ചെയ്ത ഞാന്‍ അതിനെ അങ്ങനെ വിളിച്ചില്ലെങ്കില്‍ എന്റെ വിവരക്കേട്..അല്ലാതെന്തു പറയാന്‍. മുറിയില്‍ പോയി കുളിച്ചു വന്നു ഞാന്‍ വെളിയില്‍ കുറച്ചു നേരം നിന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ (ഇന്നത്തെ കേരളമല്ല, എന്റെ കുഞ്ഞുന്നാളിലെ കേരളം) തനി സ്വരൂപമായ ആ ദേശത്തിന്റെ ഭംഗി വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. പ്രോഫ്ഫസ്സരും വന്നു എന്റെ കൂടെ വെളിയിലേക്ക്. അദ്ദേഹം എന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ എന്നോട് പറഞ്ഞു...നമുക്ക് ഒന്ന് നടന്നിട്ട് വന്നാലോ. എന്റെ സന്തോഷം അതിര് വിട്ടു. ഒറ്റയ്ക്ക് വെളിയില്‍ നടക്കാന്‍ പോകാന്‍ പേടിച്ചിരുന്ന എനിക്കൊരു കൂട്ട്. ഞങ്ങള്‍ ആ ചെമ്മണ്‍ വഴിയിലൂടെ നടന്നു. ചെറു കല്ലുകള്‍ കാലില്‍ തട്ടുന്നു. എത്ര മനോഹരമായി ആ നാടിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയെന്നോ? ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നു.നാളെ ഞാന്‍ സീയര ലിയോനിലേക്ക് ...... സ്വര്‍ണ പ്രഭയും കൂടി ആയപ്പോള്‍ എന്റെ ആഹാരം കുശാല്‍. ഞങ്ങടെ വണ്ടി ഏതോ ഒരു സ്ഥലത്ത് കൊണ്ട് നിര്‍ത്തി, മുന്നില്‍ കണ്ടത് വലിയ ഒരു ഗേറ്റ്, ചുറ്റും വലിയ മതിലുകള്‍. ഇരു വശത്തെയും ഗേറ്റുകള്‍ മലര്‍ക്കെ തുറന്നു ഞങ്ങളുടെ വാഹനത്തിനു വഴി ഒരുക്കി തന്നു. ഒരു കറുത്ത "മുട്ടാളന്‍" സല്യൂട്ട് ചെയ്തു കൊണ്ട് ഒരു വശത്തു നില്‍ക്കുന്നു. ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി, ഡ്രൈവര്‍ ഞങ്ങളുടെ ബാഗുകള്‍ എല്ലാം എടുത്തു പുറത്തു വച്ച്. രണ്ടു മൂന്നു കാപിരികള്‍ വന്നു അതെടുത്ത് വലിച്ചു കൊണ്ട് ഹോടലിനകതെക്ക് പോയി. ഞങ്ങള്‍ പുറകെയും. വലിയ ഒരു ഹോട്ടല്‍, എന്റെ ഭാഷയില്‍ അതിനു ഞാന്‍ കൊട്ടാരം എന്ന് പറയും. കാരണം ഡല്‍ഹിയിലും, ഹരിയാനയിലും, ഇടുങ്ങിയ മുറികളില്‍ വാസ്സം ചെയ്ത ഞാന്‍ അതിനെ അങ്ങനെ വിളിച്ചില്ലെങ്കില്‍ എന്റെ വിവരക്കേട്..അല്ലാതെന്തു പറയാന്‍. മുറിയില്‍ പോയി കുളിച്ചു വന്നു ഞാന്‍ വെളിയില്‍ കുറച്ചു നേരം നിന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ (ഇന്നത്തെ കേരളമല്ല, എന്റെ കുഞ്ഞുന്നാളിലെ കേരളം) തനി സ്വരൂപമായ ആ ദേശത്തിന്റെ ഭംഗി വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. പ്രോഫ്ഫസ്സരും വന്നു എന്റെ കൂടെ വെളിയിലേക്ക്. അദ്ദേഹം എന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ എന്നോട് പറഞ്ഞു...നമുക്ക് ഒന്ന് നടന്നിട്ട് വന്നാലോ. എന്റെ സന്തോഷം അതിര് വിട്ടു. ഒറ്റയ്ക്ക് വെളിയില്‍ നടക്കാന്‍ പോകാന്‍ പേടിച്ചിരുന്ന എനിക്കൊരു കൂട്ട്. ഞങ്ങള്‍ ആ ചെമ്മണ്‍ വഴിയിലൂടെ നടന്നു. ചെറു കല്ലുകള്‍ കാലില്‍ തട്ടുന്നു. എത്ര മനോഹരമായി ആ നാടിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റിയെന്നോ? ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നു.നാളെ ഞാന്‍ സീയര ലിയോനിലേക്ക് ......
രാത്രി ഭക്ഷണം എന്താണ് എന്ന് വിഷമിച്ചു ഇരിക്കുകയാണ് ഞാന്‍. റൂമിന് പുറത്തെ ഇടനാഴിയിലൂടെ നടന്നു. ആരെയും കാണുന്നില്ല. പിന്നെയും റൂമില്‍ കയറി വാതില്‍ അടച്ചിരുന്നു. വിശപ്പിന്റെ വിളി മൂലം റൂമിലെ ആഹാര പാനീയങ്ങള്‍ തണുപ്പിച്ചു വയ്ക്കുന്ന യന്ത്രത്തിന്റെ വാതില്‍ തുറന്നു നോക്കിയപ്പോള്‍, ചെറിയ കുപ്പികളില്‍ വച്ചിരിക്കുന്ന പല തരം മദ്യങ്ങള്‍. കുറെ കവറുകളില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കൊറിക്കാനുള്ള വകയും , രണ്ടു കുപ്പി വെള്ളവും. എന്നും വെള്ളമടി ശീലമാക്കിയ എനിക്കിനി ആനന്ദലബ്ദിക്കിനി എന്ത് വേണം. പക്ഷെ പൈസ കൊടുക്കണോ, വേണ്ടയോ എന്നറിയില്ല. നൂറ്റി അമ്പതു അമേരിക്കന്‍ പച്ച കൈയ്യിലുണ്ട്‌. പക്ഷെ തികയുമോ എന്നറിയില്ല. എന്തും വരട്ടെ എന്ന് തന്നെ കരുതി. ചെറു കുപ്പികള്‍ രണ്ടെണ്ണം എടുത്തു ഗ്ലാസില്‍ ഒഴിച്ച് വെള്ളവും ഒഴിച്ച് ഒരൊറ്റ വലിയും, അതിനോടൊപ്പം ചിറി ഒന്ന് തുടച്ചു. വലിക്കാന്‍ സിഗരട്ട് ഇല്ല, ആ കശ്മലന്മാര്‍ ഡല്‍ഹി വിമാനത്താവളത്തിലെ, കഴുകന്മാര്‍ എടുത്തു മാറ്റിയത് കൊണ്ട്. ഒന്ന് വീശി കഴിഞ്ഞപ്പോള്‍ ഞാനും, പട്ടണവാസിയായി, പരിഷ്കാരിയായി മാറി. ഇന്ഗ്ലീഷ്‌ ചുണ്ടുകളില്‍ നിന്നും താനേ ഒഴുകി എത്തി. ഇന്ഗ്ലീഷിന്റെ കടക്കല്‍ കത്തി വച്ചതില്‍ ഇന്നും എനിക്ക് അഭിമാനം ഉണ്ട്. താഴെ പോയി ഇന്ഗ്ലീഷില്‍ തന്നെ സിഗരട്ട് ചോദിച്ചു. ഇല്ല എന്ന ഉത്തരം കേട്ട് ഞാന്‍ വിഷമിച്ചു പോയി, പക്ഷെ മൂലയ്കുള്ള കൌണ്ടറില്‍ ഇരിക്കുന്ന കറുത്ത മുത്ത്‌ എന്നെ സഹായിച്ചു. അവള്‍ ആരെയോ വിളിച്ചു, ഒരു കാപ്പിരി ഓടി വന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു അമേരിക്കന്‍ പച്ച വാങ്ങി, ഒരു ഡോളര്‍ സിഗരറ്റിനും, ഒരു ഡോളര്‍ തീപ്പെട്ടിയ്ക്കും. അഭിമാനം ഞാന്‍ ഒട്ടും വിട്ടു കളയാതെ രണ്ടു ഡോളര്‍ എടുത്തു നീട്ടി. അഞ്ചു മിനിട്ടുകള്‍ക്ക് ശേഷം കാപിരി എനിക്ക് വലിക്കാനുള്ള വകയും, അത് കൊളുതാനുള്ള വകയും കയില്‍ വച്ച് തന്നു. അന്തസ്സായി ഒരു താങ്ക്സും പറഞ്ഞു. അപ്പോള്‍ പ്രൊഫ്ഫെസ്സര്‍ ഇറങ്ങി വരുന്നു, എന്നോട് ചോദിച്ചു വല്ലതും കഴിച്ചോ, ഞാന്‍ പറഞ്ഞു ഇല്ല, എന്നാല്‍ വാ എന്ന് പറഞ്ഞു ആദേഹം എന്നെ കൂട്ടി കൊണ്ട് പോയി. ഞങ്ങള്‍ പോയി, അവിടുത്തെ രെസ്റൊരന്റില്‍ ഇരുന്നു. പ്രധാന വിഷയം ഇവിടെ ആണ്. നാട്ടില്‍ കപ്പയും മീനും, ചോറും സാമ്പാറും അടിച്ചു നടന്ന ഞാന്‍ ഇവിടെ എന്ത് കഴിക്കും. എങ്ങനെ കഴിക്കും. വേറൊരു കാപ്പിരി കിളിപെണ്ണ് ഒരു വലിയ പുസ്തകം എനിക്കും തന്നു , ആ കെളവന്‍ പ്രോഫ്ഫസ്സര്‍ക്കും കൊടുത്തു. അയാള്‍ കിട്ടിയ പാടെ അത് വായിക്കാന്‍ തുടങ്ങി. ഞാനും പതുക്കെ തുറന്നു നോക്കി. ഫ്രെഞ്ചില്‍ കുറെ കാര്യങ്ങള്‍ എഴുതിയിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ആ കെളവന് ഭക്ഷണം എന്ന് കേട്ടപോഴെ ഭ്രാന്തായി എന്ന തോന്നണേ....എന്റെ മിമിക്രി വിദ്യ ഞാന്‍ അവിടെയും പ്രയോഗിച്ചു. വേറെ മാര്‍ഗ്ഗം ഇല്ലഞ്ഞിട്ട. അടുത്തിരുന്ന ഒരു ആള്‍ ഉരുളകിഴങ്ങ് ഫ്രൈയും, വേറെ എന്തോ ഒരു സാധനവും, ഇറച്ചി ആണെന്ന് തോന്നുന്നു, കഴിക്കുന്നു. ഞാനും ഉരുളകിഴങ്ങ് ഫ്രൈ ചോദിച്ചു. ചെല്ലകിളി ചോദിച്ചു വേറെ എന്ത് വേണം അതിന്റെ കൂടെ...ഞാനൊരു മീന്‍ പറഞ്ഞു. കുറെ ഏറെ നേരം കഴിഞ്ഞു അവള്‍ വലിയ ഒരു പാത്രത്തില്‍ ഞാന്‍ പറഞ്ഞ സാധനങ്ങള്‍ എത്തിച്ചു. എന്നെകാള്‍ വലുപ്പമുള്ള ഒരു മീന്‍ , അതിന്റെ രൂപത്തിനൊന്നും യാതൊരു മാറ്റവും വരാതെ അതെ പോലെ തന്നെ തലയും, വാലും, ചിറകും എല്ലാം ഉള്ളത് ചുട്ടു കൊണ്ട് വന്നിരിക്കുന്നു. ആരും അവിടെ കൈകൊണ്ടു വാരി കഴിക്കുന്നില്ല.അപ്പോള്‍ ഞാന്‍ മാത്രം എങ്ങനെ കഴിക്കും. ആ പെണ്ണ് തന്ന "പിച്ചാത്തി" ഞാന്‍ കയ്യിലെടുത്തു.......ഫോര്‍ക്കും എടുത്തു, പിന്നെ ഒരു പണി ആയിരുന്നു..എന്റെ അമ്മോ....അവിടിരുന്ന സകലരും എന്നെ നോക്കി....എനിക്കവരുടെ നോട്ടമല്ല പ്രശനം, എന്റെ വയറ്റിലെ "കത്തല്‍" അടക്കണം എന്നതാണ്. കുറെ ഏറെ മീനും ഉരുളകിഴങ്ങിന്റെ കഷണങ്ങളും ബാക്കി വന്നു എന്നുള്ളത് സത്യമാണ്. ഞാന്‍ എഴുന്നേറ്റു പോയി റൂമില്‍ ചെന്ന് കിടന്നു. വെളുപ്പിനെ ഫോണ്‍ അലറി വിളിച്ചു എന്നെ ഉണര്‍ത്തി. ഞാന്‍ ഹലോ പറഞ്ഞു. അപ്പുറത്ത് നിന്നുള്ള ശബ്ദത്തിന്റെ ഉടമ പറഞ്ഞു കാര്‍ റെഡി.....ഞാന്‍ പറഞ്ഞു ഫൈവ് മിനിട്ടു. ഞങ്ങടെ സംഭാഷണം ഇവിടെ തീര്‍ന്നു. ഞാന്‍ പെട്ടെന്ന് കുളിച്ചു റെഡി ആയി താഴെ വന്നപ്പോള്‍ , എല്ലാവരും എന്നെ കാത്തിരിക്കുന്നു .ആ നല്ല തണുപ്പുള്ള വെളുപ്പന്കാലത്ത് ഞാന്‍ എന്റെ കോട്ടിനെ സ്തുതിച്ചു , അതിട്ടു തന്നെ വിദേശത്തേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ എന്റെ കുഞ്ഞമ്മക്കും സ്തുതി. ഇപ്പോള്‍ വണ്ടിയില്‍ ഞങ്ങള്‍ മൂന്നു യാത്രക്കാര്‍, ഒരു വെള്ളക്കാരി വല്യമ്മ, ഞാന്‍ , പിന്നെ "കെളവന്‍" . എനിക്കയാളോട് വെറുപ്പ്‌ തോന്നി. സഹായിക്കാന്‍ മനസ്സില്ലാത്തവന്‍ ആണ്, അയാള്‍ക്ക്‌ നടക്കാന്‍ പോകണമായിരുന്നു, അതിനെ എന്നെ കൂടെ കൂട്ടി, ആഹാരത്തിന്റെ മുന്നിലിരുന്നപ്പം എന്നെ മറന്നു പോയി. രാവിലെ പോകാന്‍ സമയത്ത് എന്നെ ഒന്ന് വിളിക്കണേ എന്ന് പറഞ്ഞു, അയാള്‍ അത് ചെയ്തില്ല. പോട്ടെ, അയാള്‍ രണ്ടു വര്‍ഷത്തേക്ക് ജോലിക്ക് പോകുവല്ല്യോ, പക്ഷെ ആറ് മാസ്സം തികയുന്നതിനു മുന്‍പ് തന്നെ അയാളുടെ ജോലി പോയി.
ഞങ്ങളുടെ വണ്ടി പതിയെ കുണുങ്ങിയും, ചിലപ്പോള്‍ തുള്ളി ചാടിയും മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. നേരം വെളുത്തിട്ടില്ല, നല്ലത് പോലെ, കുറെ കറുത്തവര്‍ അങ്ങോട്ടും ഇങ്ങോട്ടും, എന്തൊക്കെയോ പാണ്ട കെട്ടുകളും ചുമന്നു കൊണ്ട് പോവുകയും, വരുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. കണ്ട കാഴ്ചയില്‍ വിഷമം തോന്നിയത്, കുറെ കുഞ്ഞു മക്കള്‍ കന്നാസില്‍ വെള്ളം ചുമന്നു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍. വണ്ടിയുടെ ചക്രങ്ങള്‍ കല്ലില്‍ ഉരയുന്ന ശബ്ദവും, വണ്ടിയുടെ വല്ലാത്ത കുലുക്കവും, അലോസരപ്പെടുത്തിയെങ്കിലും, വെളുപ്പന്കാലത്തെ മനോഹാരിതയെ ഞാന്‍ രസിക്കുകയായിരുന്നു. ഒപ്പം മൂന്നാമത്തെ വിമാനത്തില്‍ കയറാന്‍ പോകുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളും മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഘാന വിമാനത്താവളത്തില്‍ എത്തി. വീണ്ടും പല പരിശോധനകള്‍, എന്തിനു ഏറെ, കഷ്ടപ്പെട്ട് വലിച്ചു കെട്ടി ഒപ്പിച്ചു വച്ച എന്റെ ഷൂ വരെ അഴിച്ചു നോക്കി ""അതില്‍ അണു ബോംബ് ഉണ്ടോന്നു""!!!!, കഴിഞ്ഞു എന്റെ സ്വപ്ന വണ്ടിയിലേക്ക് കയറുമ്പോള്‍, ഞാന്‍ ഒരു കാപ്പിരി മൊന്ച്ചത്തിയെ പ്രതീക്ഷിച്ചിരുന്നു. അല്ല അങ്ങനെ അല്ലെ വരൂ, കരി വണ്ടിയില്‍ കരിയല്ലാതെ പൊന്ന് വരുമോ? എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് അതാ നില്‍ക്കുന്നു ഒരു സ്വര്‍ണ മുടിക്കാരി. അവളുടെ കണ്ണുകളില്‍ ഞാന്‍ ഒരു ആകര്‍ഷണം കണ്ടു. ഭൂമിയുടെ ആകര്‍ഷണ വലയം പോലെ ഞാനും ആകര്‍ഷണത്തില്‍ പെട്ട് പോയോ? അവളുടെ കണ്‍ പീലികള്‍ വളഞ്ഞു മുകളിലേക്ക് നില്‍ക്കുന്നു. നല്ല ആകര്‍ഷണീയത ഞാന്‍ അവളില്‍ കണ്ടു. അവളുടെ ഏറ്റവും ആകര്‍ഷണീയത അവളുടെ പൂച്ച കണ്ണില്‍ ആണോ, അതോ പണ്ട് ഞാന്‍ പ്രേമിച്ച "പൂച്ചകണ്ണി" എന്റെ മനസ്സില്‍ ഓടി എത്തിയതോ? അവളുടെ ചിരിയും, ചിരിയോടു കൂടിയ വണക്കവും, അതോടൊപ്പം എന്റെ കയ്യില്‍ നിന്നും, ബോര്‍ഡിംഗ് പാസ്സിന്റെ മുറിച്ചെടുത്ത ഒരു ഭാഗത്ത് നോക്കി, പറഞ്ഞത് എനിക്ക് മനസ്സിലായി. "എടൊ തന്റെ സീറ്റ്‌ ആ ഭാഗത്താണ് എന്ന്....." ഞാന്‍ പുന്ചിരിയോടും, അതിലേറെ പുളകിതനായും, ....നിങ്ങള്‍ ചോദിക്കും എന്തിനാ പുളകിതന്‍ ആയതു എന്ന്, കൊച്ചു കേരളത്തിലെ സാധാരണക്കാരന്‍ ആയ എന്റെ വിരലില്‍, ആ വെള്ളക്കാരി പൂച്ച കണ്ണിയുടെ വിരളുകള്‍, അതും ജീവിതത്തില്‍ ആദ്യമായി ഒരു വെള്ള "വിരള്‍" ഉരസ്സിയപ്പോള്‍ ഞാന്‍ പിന്നെ എന്താണ് ആകേണ്ടത്..പറയൂ..നിങ്ങള്‍ തന്നെ പറയൂ....




ഞാന്‍ പോയി സീറ്റിലിരുന്നു. ഇപ്പോള്‍ എനിക്ക് പ്രയാസ്സം ഒന്നും ഇല്ല , കാരണം ഞാന്‍ രണ്ടു ആകാശ വണ്ടികളില്‍ യാത്ര ചെയ്തത് കൊണ്ട് അല്പം എക്സ്പീരിയന്‍സ്സു കിട്ടി. "ദേ ആ കെളവന്‍ പ്രോഫ്ഫസ്സര്‍ക്കും എന്റെ അടുത്ത് തന്നെ സീറ്റ്‌". പിന്നെയും ആകാശത്തേക്ക് ഊളിയിട്ടു ഇരമ്പലോടെ പോകുന്നു എന്റെ ആകാശ വണ്ടി. ഇവിടെയും എന്തൊക്കെയോ തിന്നാനും, കുടിക്കാനും കിട്ടി..ഇവിടെ ഞാന്‍ എന്റെ എക്സ്പീരിയന്‍സ്സു ഉപയോഗിച്ച്, ഒരു ബീയര്‍ ചോദിച്ചു വാങ്ങി. പുരോഗമനം എന്നില്‍ ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്റെ മനസ്സില്‍ ആ "ആകാശ കന്യക" എപ്പഴും എന്തെങ്കിലും കൊണ്ട് തന്നോണ്ട്‌ ഇരിക്കണേ എന്നായിരുന്നു വിചാരം. അവള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു. എന്റെ ഗ്രാമത്തിലെ പാലത്തിന്റെ കൈവരിയില്‍ ഇരുന്നു പെണ്‍ കുട്ടികളെ നോക്കി വെള്ളമിറക്കിയ ഞാന്‍ ആകാശത്ത് വച്ച് വെള്ളം കുടിക്കുന്നു. എത്ര മനോഹരം. സമയത്തിന്റെ ഒരു വിവരവും എനിക്കില്ല. കാരണം സമയ വ്യത്യാസ്സം..... അങ്ങനെ എന്റെ ആകാശ വണ്ടി സീയെര ലിയോണ്‍ എന്ന രാജ്യത്ത് ചക്രങ്ങളെ ഉരച്ചു പറിച്ചു നിന്നു. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഞാന്‍ അന്തിച്ചു പോയി. ഒരു കാലി തൊഴുത്ത് പോലെ ഉള്ള ഒരു സ്ഥലം..ഇത് വിമാന താവളമോ? ദൈവമേ ഞാന്‍ ഇതെവിടെ എത്തി? നശിപ്പിക്കപ്പെട്ട ഒരു ദേശത്തിന്റെ അവശിഷ്ടം ആണത് . കത്തി പോയ ഒത്തിരി കെട്ടിടങ്ങള്‍. ആ കെട്ടിടങ്ങളുടെ അവശേഷിച്ച ഭിത്തികളില്‍ ഒരു പാട് ദ്വാരങ്ങള്‍. അതാണ്‌ അവിടുത്തെ ഇന്റര്‍ നാഷണല്‍ വിമാന താവളം. സ്ഥലത്തിന്റെ പേര് "ലുങ്കി" . ലുങ്കി വിമാന താളത്തില്‍ നിന്നും വീണ്ടും എനിക്ക് യാത്ര ഉണ്ട്. ഹെലികോപ്ടറില്‍. ഞാന്‍ പോയി ടിക്കെറ്റ്‌ എടുത്തു. ഇരുപതു ഡോളര്‍. അവര്‍ എനിക്ക് ഒരു ചെറിയ "തടി കഷണം" തന്നു. അതാണ്‌ അവരുടെ ടിക്കറ്റ്‌. ഞാന്‍ ആ തടി കഷണവും പൊക്കി പിടിച്ചു അടുത്ത് കണ്ട ഹെലികൊപ്ടരിലേക്ക് കയറാന്‍ പോയി. വലിയ മൂന്നു വിമാനങ്ങളില്‍ കയറി യാത്ര ചെയ്തു വന്ന എന്റെ സകല ധാരണകളെയും തെറ്റിച്ചു കൊണ്ട്, ഹെലികൊപ്ട്ടരിനുള്ളില്‍, ഞാന്‍ താഴെ ഇട്ടിട്ടുള്ള മര പലകയില്‍ ഇരുന്നു അഞ്ചു മിന്ട്ട് യാത്ര ചെയ്തു, ഫ്രീടൌണ്‍ എന്ന സ്ഥലത്തേക്ക്. അതാണ്‌ ആ രാജ്യത്തിന്‍റെ തലസ്ഥാനം. നല്ല മനോഹരമായ പ്രകൃതി രമണീയമായ, സ്ഥലത്ത് കാലു കുത്തുമ്പോള്‍, ഒരു പക്ഷെ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്ന് പറയുന്നതാവും ശരി. റിബലുകളുടെ ആക്രമണത്തില്‍, അനേകം ആളുകളുടെ, പിഞ്ചു കുഞ്ഞുങ്ങളുടെ കൈയും കാലും വെട്ടിയെടുത്തും, സ്ത്രീകളുടെ മാറ് മുറിച്ചും, പതിനായിരങ്ങളെ വെട്ടിയും, നിഷ്ട്ടൂരമായും, അതി ക്രൂരമായും, കൊലപ്പെടുത്തിയും, താണ്ഡവമാടിയ , അതില്‍ വിജയം കണ്ടു എന്നഭിമാനിക്കുന്ന ഒരു കൂട്ടം ക്രൂരന്മാരുടെ ചെയ്തികളില്‍, നശിപ്പിക്കപ്പെട്ട ആ രാജ്യത്തിന്റെ തെരുവീഥികളില്‍, മൂന്നും, നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ ഒരു പാത്രത്തില്‍, തേങ്ങ, കപ്പ എന്നിവ വേണോ എന്ന് ചോദിച്ചു കൊണ്ട് വില്‍ക്കാന്‍ പണി പെടുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞില്ല എങ്കില്‍ ഞാന്‍ ഒരു മനുഷ്യ ജന്മമോ? പിന്നെ എന്റെ സ്വാര്‍ഥത നിറഞ്ഞ മനസ്സില്‍ തോന്നിയതോ, ഒന്ന് ചീഞ്ഞില്ലെന്കില്‍ മറ്റൊന്നിനു വളമാകില്ലല്ലോ.ഒരു കാപിരി വന്നു എന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ നോക്കി കൊണ്ട് ഒരു ചോദ്യം ചോദിച്ചു, " സാര്‍ ഹൌ മച്ച് ഓ ക്ലോക്ക്? ...ഹ... ഹ... ഇവിടെ കിലോയില്‍ ആണോ സമയം എന്ന് ചിന്തിച്ചു കൊണ്ട് ഞാന്‍, എന്നെ കൂട്ടി കൊണ്ട് പോകാന്‍ വന്ന എന്റെ കൊച്ചപ്പന്റെ കൂടെ കാറില്‍ കയറി വീട്ടിലേക്കു യാത്രയായി.

No comments: