Wednesday, December 2, 2009

ജീവിത "യാത്ര"യിലൂടെ ........എന്റെ കഥ

അന്നും എനിക്ക് നടുവിന് വേദന, ഇന്നും എന്നോട് തന്നെ ചോദിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യമാ, അന്ന് ശരിക്കും വേദന ഉണ്ടായിരുന്നോ? അതോ............മനസ്സിനായിരുന്നോ......ഓ...അതിനി പ്രത്യേകിച്ച് എന്തിനു പറയണം , വേദന അല്ലെ ഉണ്ടായിരുന്നുള്ളൂ എന്നും....കണ്ണ് നീര്‍ ഒഴുകിയ ചാലുകള്‍ കവിളില്‍ ഇന്നും മായാതെ കിടപ്പില്ലേ. ഓര്‍മ്മകള്‍ പുറകോട്ടു പായുകയാണ്..എന്ന് വിചാരിക്കും ഇനി അത് ഓര്‍ക്കരുത് എന്ന്, പക്ഷെ മറക്കാന്‍ പറ്റാതെ, ഇത്തിള്‍ കണ്ണി പോലെ പറ്റി പിടിചിരിക്കയല്ലേ....പലപ്പോഴും ചിന്തിച്ചതാ ഓര്‍മ്മകള്‍ ഒരു ശാപമാണെന്ന്....പക്ഷെ എല്ലാ ഓര്‍മ്മകളും അങ്ങനെ അല്ലല്ലോ അതാ, എന്റെ സന്തോഷം.
ചീറ്റ പുലിയെ പോലെ ഇര പിടിക്കാനുള്ള വ്യഗ്രതയില്‍ ഒടുകയാണോ ഈ ട്രെയിന്‍...ഇതിനൊന്നു പതുക്കെ പോയ്ക്കൂടെ....മോനെ, അവിടെ ചെന്നാലും നല്ലത് പോലെ ജീവിക്കണം. ഓര്‍മ്മയുണ്ടല്ലോ, ഇനി നീയും കൂടെയേ ഉള്ളൂ...നിന്നേം കൂടെ ഒന്ന് കര പിടിപ്പിക്കണം, അത് കഴിഞ്ഞാല്‍ പിന്നെ എനിക്ക് സമാധാനമായി അങ്ങോട്ട്‌ പോകാല്ലോ......കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞ വാക്കുകള്‍........അപ്പനെ പോലെ ആകരുത് കേട്ടോ....ഞാന്‍ നിന്നെ പഠിപ്പിച്ചതും, വളര്‍ത്തിയതും ഒക്കെ നിനക്കു ഞാന്‍ പറയാതെ തന്നെ അറിയാല്ലോ.....ചൂളം വിളിച്ചു കൊണ്ട് പായുന്ന വണ്ടിയുടെ ഇരമ്പലുകള്‍ ഞാന്‍ കേട്ടില്ല.....ഞാന്‍ ഇപ്പോഴും അമ്മയെ കെട്ടി പിടിച്ചു നിന്ന് കരയുകയാ...ഞാന്‍ പോണില്ല അമ്മെ, അമ്മയെ തനിച്ചാക്കിയിട്ടു എനിക്കെങ്ങും പോകണ്ട. .......മരിക്കുയാണെങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും കൂടി മരിക്കാം....
അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ കുഞ്ഞേ, നീ ഇവിടെ നിന്നാല്‍ എന്തൊക്കെയാ ഇനി സംഭവിക്കുന്നത്, അതുകൊണ്ട് എന്റെ മോന്‍ എന്നെ പറ്റി വിഷമിക്കണ്ട, ഞാന്‍ എങ്ങനേലും കഴിഞ്ഞോളാം. അമ്മെ അച്ഛന്‍ അടിക്കാന്‍ വരുമ്പോള്‍ അമ്മ മാറി പോകണേ..അടിയൊന്നും കൊള്ളല്ലേ..........ഇല്ലെടാ മക്കളെ, മക്കള് പൊയ്ക്കോ. കണ്ണ് നീര്‍ തുടച്ചു കൊണ്ട് വിങ്ങുന്ന നെഞ്ചുമായി ഞാന്‍ യാത്ര പറഞ്ഞു. ..............പോയി തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കാണാതെ അമ്മ കണ്ണ് തുടക്കുന്നു...
...ചായേ........ചായാ........ചായാ.....................ചായക്കാരന്റെ തൊണ്ട പൊട്ടിയുള്ള വിളി കേട്ട് ഞാന്‍ പെട്ടെന്ന് ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. കണ്ണ് നീരിനു എളുപ്പമായിരുന്നു കവിളിലൂടെ ഒഴുകുവാന്‍, ചാലുകള്‍ ഉണ്ടല്ലോ അവര്‍ക്ക് സുഗമമായി ഒഴുകാന്‍. എന്താ കുഞ്ഞേ നീ കരയുന്നെ.......വീട്ടില്‍ നിന്നും ആദ്യമായാണോ.............ഉം....ഞാന്‍ തല കുലുക്കി............ചായ ഒരെണ്ണം എടുക്കട്ടെ...... ഉം.....വീണ്ടും ഞാന് ‍തലയാട്ടി.....അയാള് തന്ന ചായ വാങ്ങിയപ്പോള്‍ , അയാളെന്താ പൈസ വാങ്ങഞ്ഞത്.........ചായേ.........ചായാ .......ചായേ.........നടന്നു നീങ്ങുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ ചായ കുടിച്ചു.....പുറത്തേക്കു നോക്കിയപ്പോള്‍ മരങ്ങളും, എന്തിന് ......ഈ ലോകം മുഴുവനും അതി വേഗത്തില്‍ പുറകോട്ടു പായുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല...കാണുന്നതൊന്നും മനസ്സിലാവുന്നില്ല...അതാ ശരി......
കുഞ്ഞേ പൈസ ഉണ്ടോ......ഓ...ചായക്കാരന്‍ പൈസ വാങ്ങാന്‍ വന്നു. ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു രൂപ നാണയവും, രണ്ടു അമ്പതു പൈസ നാണയവും എടുത്തു കൊടുത്തു......പൈസ വാങ്ങി കൊണ്ട് അയാള്‍ പോയപ്പോള്‍ , ചായ കുടിക്കണ്ടായിരുന്നു എന്ന് തോന്നി.......ആ പൈസ എന്റെ അമ്മ എത്ര ദിവസം കാത്തു സൂക്ഷിച്ചു വച്ച് എനിക്ക് തന്നതാ....വീണ്ടും നഷ്ടം......
റൂമില്‍ ചെന്ന് കയറുമ്പോള്‍, പുതിയ അനുഭവം ...അറിയാത്ത നാട്....അറിയാത്ത ഭാഷ...പുതിയ ആളുകള്‍....എല്ലാവര്ക്കും ഒരു പുഞ്ചിരി സമ്മാനിച്ചു..അതെ ഉള്ളൂ എനിക്ക് അവര്‍ക്ക് കൊടുക്കാനായിട്ട് ഉള്ളൂ......അതിനു സ്നേഹത്തിന്റെ മധുരമാണെന്ന് ഒരിക്കല്‍ അമ്മ പറഞ്ഞു തന്നതാ.....ഒന്നും ചെയ്യാനില്ലാതെ വെളിയിലേക്ക് നോക്കി ഇരിക്കുമ്പോഴും പ്രതീക്ഷ കൈ വിട്ടില്ല...ഇന്ന് വരും..അമ്മയുടെ മറുപടി.....പോസ്റ്റുമാന്‍ കൊണ്ട് വന്ന കത്തില്‍ അമ്മയുടെ കയ്യക്ഷരം....റെന്നി ജോണ്‍.....ഉള്ളം തുടിച്ചു..പെട്ടെന്ന് തന്നെ പൊട്ടിച്ചു...... സ്നേഹം നിറഞ്ഞ മോന്‍ അറിയുന്നതിന്........., കത്തില്‍ ഒരു ഉമ്മ കൊടുത്തു....കണ്ണുകള്‍ നിറഞ്ഞു, കുറെ അക്ഷരങ്ങള്‍ പടര്‍ന്നു പോയീ...എനിക്കിവിടെ സുഖമാണ്...നീ ഒന്ന് കൊണ്ടും വിഷമിക്കരുത്...അച്ചാച്ചന്‍ ഇപ്പോള്‍ കുടിക്കതില്ല.....വല്ലപ്പോഴും മാത്രമേ ഉള്ളൂ..എന്നോട് വഴക്കൊന്നുമില്ല......നിന്നെ കാണാഞ്ഞിട്ട് ആ മനുഷ്യന്‍ ഇരുന്നു കരയും..സാരമില്ല..മോന്‍ നല്ലതായി ജീവിക്കണം. ........എന്ന് സ്നേഹപൂര്‍വ്വം അമ്മ.
ഒരു കൊല്ലത്തിനു ശേഷം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍, സ്വന്തം നാടിന്റെ മനം മയക്കുന്ന മണം. ചിരിച്ചു കൊണ്ടോടി വന്നെന്നെ കെട്ടി പിടിച്ചു കൊണ്ട് നില്‍ക്കുന്ന അച്ഛന്റെ പെങ്ങളുടെ മകനോട്‌, അമ്മ വന്നില്ലേ.....എന്ന് ചോദിച്ചപ്പോള്‍ , ഇല്ല.....തലവേദന ആയതു കൊണ്ട് യാത്ര ചെയ്യാന്‍ വയ്യ എന്ന്. പെട്ടെന്ന് വീട്ടിലെത്താനുള്ള മോഹം കൊണ്ട് ചെന്ന് വണ്ടിയില്‍ ഇരുന്നു. നാല്‍പതു കിലോ മീറ്റര്‍...ഹോ.... ഈ വണ്ടിയ്ക്ക് ഇത്രേ ഉള്ളോ വേഗത.....കുറച്ചു കൂടി സ്പീട് കൂട്ടികൂടായോ..... വണ്ടി ഓടിക്കുന്ന ആള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി.......പെട്ടെന്ന് ഞാന്‍ പുഞ്ചിര്ച്ചു..അമ്മ പഠിപ്പിച്ചതാ....ആ പുഞ്ചിരിയുടെ മധുരം ആ വണ്ടിക്കാരനും ഞാന്‍ സമ്മാനിച്ചു....... അയാള്‍ തിരിച്ചും.
വീട്ടില്‍ ചെല്ലുമ്പോള്‍ കരുവാളിച്ച മുഖത്തോട് കൂടി ഇരിക്കുന്ന അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു...എല്ലാം എനിക്ക് വേണ്ടി ഏറ്റു അല്ലെ....എന്നിട്ടും എല്ലാം എന്നോട് മറച്ചു വച്ചു അല്ലെ.....ഒന്നും പറഞ്ഞില്ലല്ലോ.....
അപ്പോഴും അച്ഛന്റെ തലയ്ക്കു പിടിച്ച കള്ളിന്റെ ലഹരിയുടെ താണ്ടവം, തറവാടിന്റെ നടുമുറ്റത്തു നടമാടുന്നു.........
...ശുഭം....

No comments: